പാലക്കാട്: പി.കെ.ശശിയെ കടന്നാക്രമിച്ച് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു. പി.കെ.ശശി ഒന്നിനും കൊള്ളാത്ത ഒരുത്തനാണെന്നും അദ്ദേഹത്തെ മുഖവിലക്കെടുക്കുന്നില്ലെന്നും സുരേഷ് ബാബു പറഞ്ഞു.
ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനു പിന്നാലെയാണ് വിമർശനവുമായി സുരേഷ് ബാബു രംഗത്തെത്തിയത്. ശശി ഉന്നയിച്ച ആരോപണത്തിൽ എന്തെങ്കിലും കഴമ്പുണ്ടെങ്കിൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കാം. രാഷ്ട്രീയത്തിൽ വന്നകാലം മുതൽക്കുള്ള തന്റെ സമ്പത്തടക്കം പരിശോധിക്കാം.
നടപടിക്ക് വിധേയനാകുക തിരിച്ചുവരിക എന്നതായിരുന്നു പി.കെ.ശശിയുടെ പതിവ്. എസ്എഫ്ഐ കാലംമുതൽ അങ്ങനെയാണ്. ഇത്തരത്തിലുള്ള ഒരാളുടെ പ്രസ്താവന മുഖവിലക്കെടുക്കുന്നില്ലെന്നും അവഗണിച്ചു തള്ളുകയാണെന്നും സുരേഷ് ബാബു കൂട്ടിച്ചേർത്തു.
ശശിയുടെ തീവ്രത അളന്നത് എ.കെ.ബാലനും പി.കെ. ശ്രീമതിയുമാണെന്നാണ് മാധ്യമങ്ങൾ പറയുന്നത്. ഇനി വി.ഡി.സതീശൻ തീവ്രത അളക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.